അദ്ധ്യായം ;- 1

നജീബ്

അതിരാവിലെ എഴുനേറ്റ് നിലാവെട്ടത്തിൽ കിണറ്റിൻ കരയിലേക്ക് നടന്നു.., ബക്കറ്റിൽ സോപ്പും ഉമിക്കരിയും ബ്രഷും ചെക് രി കൊണ്ടുള്ള മിസ് വാക്കും ഉണ്ട്, തോർത്തുമുണ്ട് തലയിൽ ചുറ്റിയിട്ടുണ്ട്, സുബ്ഹി ബാങ്കിന് ഇനി ഏതാനും മിനുട്ടുകൾ മാത്രമാണ് ബാക്കി, അതോർത്തപ്പോൾ നടത്തത്തിന് അല്പം വേഗത കൂടി.

കര കര ശബ്ദത്തോടെ കപ്പിയിൽ തൂങ്ങി തൊട്ടി വെള്ളവുമായി മുകളിലെത്തി, മരം കോച്ചുന്ന തണുപ്പിൽ ഇളം ചൂടുള്ള കിണർവെള്ളം ദേഹത്തേക്ക് പകർന്നപ്പോൾ മേനി ആകെ കോരിത്തരിച്ചു, വാസനസോപ്പിന്റെ മനം കവരുന്ന സുഖന്ധം പുരട്ടി ഹവായിയും കാലും മിസ്‌വാക്ക് കൊണ്ട് നന്നായി ഉരച്ച് കഴുകി. കുളിയും വുദുവും കഴിഞ് വീട്ടിലേക്ക് നടക്കുമ്പോൾ ഹൃദയം പെരുമ്പറ കൊട്ടി., ഇനി ഈ പതിവുകളും രീതികളും ഒക്കെ നഷ്ട്ടമാകും..,

വസ്ത്രം മാറി പള്ളിയിലേക്ക് നടക്കുമ്പോൾ നജീബ് ചിന്തയുടെ ലോകത്തേക്ക് വഴുതി, വിസയുടെ കാര്യം എന്തായി എന്ന് ഹാജിയാരോട് ചോദിക്കണം, അടുത്ത ഗഡു പണം കൊടുക്കണമെങ്കിൽ മേലെതൊടു വിക്കണം, സൈദ് സ്ഥലം എടുത്തോളാ എന്ന് ഏറ്റിട്ടുണ്ട്, ഹാജിയാര് വിസ റെഡി എന്ന് പറയുമ്പോഴേക്കിന് കിട്ടണം, അദ്ദേഹം ആദ്യമേ പറഞ്ഞതാണ് ക്യാഷ് റെഡിയാക്കി വെക്കാൻ, ഓരോ ചിന്തകളിൽ മുഴുകി നടന്നു. പള്ളിയുടെ വെളിച്ചം കാണാൻ തുടങ്ങി, അല്ലാഹു അക്ബറുല്ലാഹ് അക്ബർ.., സുബ്ഹി ബാങ്കിന്റെ ശബ്ദം മുഴങ്ങി..!

ഉപ്പയുടെ വിയോഗത്തിന് ശേഷം ഉമ്മാന്റെ അനിയത്തിമാരെക്കുറിച്ചുള്ള വേവലാതികൾ നെഞ്ചേറ്റി ഉത്തരവാദിത്വത്തിന്റെ ആൾരൂപമായി മാറിയതാണ് നജീബ്, ആറ് അനിയത്തിമാർക്ക് മൂതാങ്ങളയായി, ഉമ്മാന്റെയും ഉപ്പന്റെയും ഏക ആൺതരിയായും നജീബ് ഒരാളാണ് ഇനി ആ കുടുംബത്തിന്റെ അത്താണി. അനിയത്തിമാരെ കെട്ടിച്ചയക്കാനും പഠിപ്പിക്കാനും വീട്ടു ചിലവുകൾ നോക്കാനും ഒക്കെ എപ്പോഴും ഉമ്മ അവനോട് ഉണർത്തിക്കൊണ്ടിരിക്കും, ഏഴാം ക്ലാസ്സ് വരെ പഠിച്ചിട്ടുണ്ട്, അതുകൊണ്ട് ഇവിടെ ഈ എപ്പോഴെങ്കിലും കിട്ടുന്ന കൽപ്പണിയും പടവുംകൊണ്ട് ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയുമോ എന്ന ഉമ്മയുടെ ആശങ്കയാണ് ഈ പറച്ചിലുകൾക്ക് കാരണം. ഉമ്മാന്റെ നിർദ്ദേശം അനുസരിച്ചാണ് ബീരാൻ ഹാജിയെ പോയി കണ്ട് വിസ കിട്ടുമോ എന്ന് ചോദിച്ചത്.

നജീബ്: അസ്സലാമു അലൈക്കും.., ഹാജ്യാരെ..,

ബീരാൻ ഹാജി: ഹാ.., നജീബെ.., കുഞ്ഞിമോൻ വിളിച്ചിരുന്നു, അന്റെ പാസ്പ്പോർട് മഞ്ചേരിയിലെ റംസാൻ ട്രാവൽസിൽ കൊണ്ടേ കൊടുക്കണം, വിസ റെഡിയാണത്രെ.., കാശ് എന്തായി..?,

നജീബ്: ആ ഹാജ്യാരെ സൈദ്ക്ക ആ സ്ഥലം എടുത്ത് പൈസ താരാ എന്ന് പറഞ്ഞിട്ടുണ്ട്, ഞാൻ ഒന്ന് വിളിച്ച് നോക്കീട്ട് പറയാം.., ഇന്ന് മഞ്ചേരിക്ക് പോകുമ്പോ വിളിച്ചോളാ..,

ബീരാൻ ഹാജി തല കുലുക്കി, അവർ സലാം പറഞ് പിരിഞ്ഞു. ഉമ്മാനോട് വിവരം പറയണം, ഉമ്മാക് സന്തോഷാവും, അതികം ആരോടും ഇടപഴകി പരിചയമില്ലാത്ത ആളാണ് ഉമ്മ. ഗൾഫിൽ പോകാൻ പറഞ്ഞ ഉമ്മാക്ക് ഞാൻ പോയാൽ ഒറ്റക്ക് എങ്ങനെ ഈ പെണ്മക്കളീം കൊണ്ട് വീട്ടിൽ നിക്കും എന്നും ചോദിക്കും, ഉമ്മാന്റെ ആങ്ങളമാർ ഒക്കെ അവരവരുടെ കുടുംബ പ്രാരാബ്ധങ്ങളുമായി നടക്കാണ്, അതുകൊണ്ട് ഉമ്മാക്ക് അങ്ങോട്ട് പോകാനും കൂടുതൽ ദിവസം നിക്കാനും ഇഷ്ട്ടല്ല, ഉമ്മാന്റെ വീട്ടിൽ വിരുന്നിന് പോയിരുന്ന കുട്ടിക്കാലം ഓർമ്മവന്നു, അമ്മോന്റെ മക്കളും അയൽവാസികളും എല്ലാരും കൂടി പുഴയിൽ കുളിക്കാൻ പോകുന്നതും, പറങ്കിമാവിൻ തോട്ടത്തിൽ അണ്ടി പെറുക്കാൻ പോകുന്നതും മരത്തിന്റെ കൊമ്പിൽ കയറി മറിയുന്നതും ഒക്കെ വല്ലാത്ത ഹരമായിരുന്നു, കുഞ്ഞിമ്മു ഇപ്പൊ വല്യേ കുട്ടിയാണ് ഇനി അങ്ങനെ എവടീം പോയി പാർക്കാനൊന്നും പറ്റൂല എന്നും പറഞ് പിന്നെ പിന്നെ ആ പോക്ക് നിന്നു. അവൾക്കിപ്പോൾ പതിനാറ് വയസ്സായി, ഉമ്മാക്ക് അവളെ കെട്ടിക്കാൻ വൈകി എന്നതാണ് ഏറെ പ്രയാസം,

വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ഉമ്മയും പെങ്ങന്മാരും നിസ്‌ക്കാരപ്പായയിൽ ഖുർആനോതി ഇരിക്കാണ്, നജീബിനെ കണ്ടപ്പോൾ ഉമ്മ എഴുനേറ്റു, ഓതിത്തീർന്നിട്ട് നീച്ചാമതി എന്നൊരു താക്കീതും കൊടുത്ത് ഉമ്മ അടുക്കളയിലേക്ക് നടന്നു. ഹാജ്യാരെ കണ്ടോ നജീ.., നജീബ്: ഹ്മ്മ്…, ചായയുമായി വരുമ്പോ ഉമ്മാന്റെ മുഖം ആകാംക്ഷകൊണ്ട് നിറഞ്ഞിരുന്നു…?,

ഉമ്മ: ഹാജ്യാര് എന്താ പറഞ്ഞെ..?

നജീബ്: പാസ്പോർട്ട് മഞ്ചേരി റംസാൻ ട്രാവൽസിൽ കൊണ്ടേ കൊടുക്കണമത്രേ..,

ഉമ്മ: എപ്പോ..,

നജീബ്: അതൊന്നും പറഞ്ഞില്ല.., ക്യാഷ് റെഡിയായോ എന്ന് ചോദിച്ചു..,

ഉമ്മ: നസീറ ഇന്നലെ വന്നപ്പോ ഞാൻ പറഞ്ഞീന്നു, സൈദ്ക്ക പൈസ അയച്ചക്ക്ണോലോ.., നാളെയോ മറ്റന്നാളോ കിട്ടുംന്നാ പറഞ്ഞക്കണതത്രെ..,

നജീബ്: ഹേ.., ഞാൻ മഞ്ചേരീക്ക് പോകുമ്പോ സൈദാക്കാനേ വിളിച്ചോക്കീട്ട് പറയാ എന്നാ ഹാജ്യാരോട് പറഞ്ഞത്..,

ഉമ്മ: ഏതായാലും നസി പറഞ്ഞതല്ലേ.., രണ്ടീസം കൂടി നോക്കീട്ട് കിട്ടീലങ്കി വിളിച്ചാ മതിയല്ലോ..,

നജീബ്: ഹ്മ്മ്..,

The "Nilav", New novel by. Salahuymani

പാസ്സ്‌പോർട്ട് എടുത്ത് കവറിൽ പൊതിഞ് അരയിൽ തിരുകി, മുടിയൊക്കെ ചീകിയൊതുക്കി, സൈക്കിളിൽ കേറി, ഉമ്മാ.., ഞാൻ പോയി വരാ.., അസ്സലാമു അലൈക്കും, അകത്ത് നിന്ന് സലാം മടക്കുന്ന നേർത്ത ശബ്ദം അവൻ കാത് കൂർപ്പിച്ച് കേട്ടു. പിന്നെ ആഞ് ചവിട്ടി, ഇടവഴിയിൽ കൊഴിഞ്ഞുവീണ കരിയിലകളിൽ നേർത്ത വര തീർത്ത് റോഡിലേക്ക് കേറി, എടാ നിക്ക് നിക്ക് നീ എങ്ങോട്ടാ.., നജീബ്: ഹാ.., രാജൂ.., നീ എങ്ങോട്ടാ..?,

രാജു: ഞാൻ മഞ്ചേരീക്കാ…, ഇജ്ജെങ്ങോട്ടാ..?

നജീബ്: ഞാനും.., എന്നാ കേറ്.., എട്ട് മണിക്ക് മയിൽവാഹനം ഉണ്ട്..,

രാജു: എടാ എന്തായി അന്റെ പോക്ക്..?,

നജീബ്: വിസ അടിക്കാൻ പാസ്പോർട്ട് ട്രാവൽസിൽ കൊടുക്കാൻ പോകാണ്..,

രാജു: ഹേ.., അപ്പൊ ഇനി എത്ര ഉണ്ടാകും..?,

നജീബ്: ഒരാഴ്ച എടുക്കും വിസ അടിച്ച് കിട്ടാൻ.., വിസന്റെ ക്യാഷ് മുഴുവൻ കൊടുത്തിട്ടില്ല.., ടിക്കറ്റ് എടുക്കണം.., ഒക്കെക്കൂടി ഇനിയും വേണം അമ്പതിനായിരം..,

രാജു: ഇത്രയൊക്കെ കൊടുത്തിട്ട് അങ്ങട്ട് പോയാൽ ഒക്കെ ശരിയാകോ..?, ജോലി ഉള്ളതാണോ..? ഇജ്ജ് കുഞ്ഞിമോനോട് സംസാരിച്ചീർന്നോ..?

നജീബ്: ഹാ.., ഓന്റെ അറബിന്റെ എര്ത്ത്ക്കെന്നെ ആണ്.., പണിയൊക്കെ ഉണ്ടെന്നാണ് പറഞ്ഞത്..,

ഇരുവരും ചിന്തയിലേക്ക് വഴുതി വീണു.., ഇരുവശത്തും നെല്ല് വിളഞ്ഞ് പച്ചവിരിച്ച വയലിന്റെ നടുവിലൂടെ ടാറിട്ട പഞ്ചായത്ത് റോഡ്, ഗ്രാമീണതയുടെ തനിമയിലേക്ക് പരിഷ്‌ക്കാരത്തിന്റെ വഴിതെളിച്ച കറുത്ത പാത, പണ്ട് ചെളി നിറഞ്ഞ ചെമ്മൺ പാതയായിരുന്നു, അതിന്റെയും മുമ്പ് വെറുമൊരു വരമ്പ് മാത്രമായിരുന്നു എന്ന് ബീരാനാജി പറയുന്നത് കേൾക്കാം..,

കൃഷ്ണേട്ടന്റെ കടയുടെ ചാരെ മരച്ചുവട്ടിൽ സൈക്കിൾ നിർത്തിയിട്ട് ഇരുവരും ബസ്സ് കാത്ത് നിന്നു. കൃഷ്ണേട്ടാ വണ്ടി പോയോ..?, ഇല്ല.., ഇപ്പൊ വരും..!,

ഇരുവർക്കും അടുത്തടുത്ത സീറ്റ് കിട്ടി, രാജുവും നജീബും ഒരേ ക്ലാസ്സിൽ ഒന്നാംക്ലാസ് മുതൽ ഒന്നിച്ചാണ്, നല്ല കൂട്ടുകാർ, എപ്പോഴും ഒരുമിച്ച് കളിച്ചും ചിരിച്ചും കരഞ്ഞും ബാല്യം മുതൽ ഒന്നിച്ചായവർ, ഇരുവർക്കുമിടയിൽ വാക്കുകൾകൊണ്ട് വിവരിച്ചില്ലങ്കിലും അവരുടെ കണ്ണുകൾ പരസ്പരം സംസാരിക്കും.., ഈ ഗൾഫിൽ പോക്ക് നജീബിനെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് രാജുവിന് നന്നായി അറിയാം, മനസ്സിൽ വരുന്ന ചോദ്യങ്ങൾക്ക് നജീബിന്റെ മിഴികളിൽ ഉത്തരം കാണുന്നത്കൊണ്ട് രാജു കൂടുതൽ ചോദിക്കുന്നുണ്ടായിരുന്നില്ല. വാചാലമായ ഒരു മൗനം അവർക്കിടയിൽ കഥകൾ പറഞ്ഞുകൊണ്ടിരുന്നു..,

രാജു: എടാ നീ അവളോട് നിന്റെ ഗൾഫിൽ പോക്ക് പറഞ്ഞോ..?

തുടരും..!