ബ്രാൻഡിംഗ് എന്നത് കേവലം ഒരു ലോഗോ എന്നതിൽനിന്നും കളർകോഡ്, സ്ലോഗൻ തുടങ്ങി പലരൂപത്തിലും ഭാവത്തിലുമായി ആഗോള വിപണിയുടെ സ്വഭാവങ്ങളും ശൈലികളും പുനർ നിർവചിച്ചുകൊണ്ട് മാറിക്കൊണ്ടിരിക്കുകയാണ്.., ഒരു ബിസിനസ്സിന്റെ മൂല്യങ്ങൾ, സംസ്കാരം, ഉപഭോക്താക്കൾക്കുള്ള വാഗ്ദാനങ്ങൾ എന്നിവയെല്ലാം വിളിച്ചറിയിക്കുക എന്നതാണ് ബ്രാൻഡിങ്ങിന്റെ ലക്ഷ്യം എന്നതാണ് ചുരുക്കം. ഇസ്ലാമികമായ മതകീയ നൈതികതയുടെ ചട്ടക്കൂടുകൾ ഇൗ മേഖലയിൽ അപ്രായോഗികമായ ഒന്നായി വ്യാഖ്യാനിക്കപ്പെടുകയോ അല്ലങ്കിൽ അത്തരത്തിലുള്ള ഒരു ചിന്ത സ്വയം രൂപപ്പെടുകയോ ചെയ്തിട്ടുണ്ട്. ഫലപ്രദമായ ഉള്ളടക്ക തന്ത്രങ്ങളിൽ ഉൗന്നി ഇസ്ലാമിന്റെ ശരീഅ തത്വങ്ങൾ പാലിക്കുകയും ചെയ്യുന്ന പുതിയ എത്തിക്കൽ ബ്രാൻഡിങ് വിശദീകരിക്കുക എന്നതാണ് ഇൗ കുറിപ്പിന്റെ ലക്ഷ്യം.

ബ്രാൻഡിംഗും അതിന്റെ പ്രധാന ലക്ഷ്യങ്ങളും എന്ത്..?

കസ്റ്റമാർക്ക് ഒരു പ്രോഡക്റ്റിലേക്കോ സേവനത്തിലേക്കോ ആവശ്യം വരുന്ന പക്ഷം അവന്റെ ചിന്തയിൽ ആദ്യം വരുന്ന പരിഹാരമായി നമ്മളെ പ്രതിഷ്ഠിക്കുക എന്നതാണ് അടിസ്ഥാനപരമായി ബ്രാൻഡിങ്ങിന്റെ നിർവചനം എന്ന് പറയുന്നത്…!

  1. ഐഡന്റിറ്റി ഡെവലപ്മെന്റ്: ലോഗോകൾ, വർണ്ണ സ്കീമുകൾ അഥവാ കളർ കോഡ്, ഡിസൈൻ എന്നിവയിലൂടെ ബ്രാൻഡിന്റെ ധാർമ്മികത പ്രതിഫലിപ്പിക്കുന്ന, ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ഒരു വിഷ്വൽ എെഡന്റിറ്റി രൂപപ്പെടുത്തുക.
  2. ബ്രാൻഡ് പൊസിഷനിംഗ്: ടാർഗെറ്റുചെയ്ത ഉപഭോക്താക്കളേ നേരിട്ട് ആകർഷിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന, ബ്രാൻഡിനെ വേറിട്ട് നിർത്തുന്ന ഒരു അദ്വിതീയ വിപണി സാന്നിധ്യം സ്ഥാപിക്കൽ.
  3. ബ്രാൻഡ് വോയ്സ്: ബ്രാൻഡിന്റെ വൈശിഷ്ട്യത്തെ ദൃഢമാക്കുന്ന രീതിയിൽ തുടർച്ചയായി ആശയവിനിമയം നടത്തുകയും പ്രേക്ഷകരുമായി ശക്തമായ ബന്ധം സ്ഥാപിക്കുകയും ചെയ്യുക.
  4. ബ്രാൻഡ് വാഗ്ദത്തം: ബ്രാൻഡിന്റെ ഒാഫറുകളെയും മൂല്യങ്ങളെയും കുറിച്ചുള്ള പ്രതീക്ഷകൾ വ്യക്തമായി വിവരിക്കുക, ഇൗ വാഗ്ദാനങ്ങൾ സ്ഥിരമായി നിറവേറ്റുന്നതിലൂടെ വിശ്വാസവും വിശ്വസ്തതയും വളർത്തിയെടുക്കുക.
  5. ഉപഭോകൃത അനുഭവം: സമ്പർക്കത്തിന്റെ ഒാരോ ഘട്ടത്തിലും ക്രിയാത്മകവും തടസ്സമില്ലാത്തതുമായ ഉപഭോക്താവിന്റെ ആവശ്യം അറിഞ്ഞുകൊണ്ടുള്ള സേവനം നൽകൽ, അങ്ങനെ വീണ്ടും വാങ്ങുക മാത്രമല്ല ബ്രാൻഡ് ശുപാർശ ചെയ്യുകയും ചെയ്യുന്ന ഒരു വിശ്വസ്ത ഉപഭോക്തൃ അടിത്തറയെ കെട്ടിപ്പടുക്കുക.

ഇസ്ലാമിക ശരീഅത്ത് അനുസരിച്ചുകൊണ്ടുള്ള മാനദണ്ഡങ്ങൾ എന്തെല്ലാം..?

മേൽ പറയപ്പെട്ട ലക്ഷ്യങ്ങളിലേക്ക് ചെന്നെത്താൻ നാം പരസ്യപ്പെടുത്തുന്ന നമ്മുടെ കണ്ടന്റ് ഡെലിവറി രൂപങ്ങൾ അഥവാ പരസ്യ അവതരണങ്ങൾ പ്രധാനമായും രണ്ട് രൂപത്തിൽ സാധ്യമാണ്.

1. യഥാർത്ഥ അവലോകനം അടിസ്ഥാനമാക്കിയുള്ള പരസ്യം: യഥാർത്ഥ ഉപഭോക്തൃ സാക്ഷ്യപത്രങ്ങളും അവലോകനങ്ങളും പ്രയോജനപ്പെടുത്തുന്ന രൂപം. അഥവാ മറ്റ് ഉപഭോക്താക്കളിൽ നിന്നുള്ള സുതാര്യവും സത്യസന്ധവുമായ അനുഭവക്കുറിപ്പുകൾ പുതിയ ഉഭപോക്താക്കൾക്ക് നൽകുന്നു.

2. സാങ്കൽപ്പിക കഥ അല്ലെങ്കിൽ ചിത്രീകരണത്തെ അടിസ്ഥാനമാക്കിയുള്ള പരസ്യം: ഉൽപ്പന്നത്തിന്റെ നേട്ടങ്ങൾ അറിയിക്കാൻ ക്രിയാത്മകമായ കഥപറച്ചിൽ അല്ലെങ്കിൽ ചിത്രീകരണങ്ങൾ ഉപയോഗിക്കുന്നു. സാങ്കൽപ്പികമാണെങ്കിലും, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഒഴിവാക്കാൻ ഉൽപ്പന്നത്തിന്റെ കഴിവുകളെ ഇവ കൃത്യമായി പ്രതിനിധീകരിക്കണം.

ഇൗ രണ്ടു രൂപങ്ങളാണ് നമുക്ക് അവലംബിക്കാൻ കഴിയുന്ന മാർഗ്ഗങ്ങൾ. ഇവയിൽ മതപരമായ മൂല്ല്യങ്ങൾ നാം പാലിക്കണം എന്ന് മാത്രം, അപ്പോൾ പരസ്യം കാണുന്നയാൾക്ക് ഇൗ രണ്ട് രൂപത്തിലുള്ളവയെയും വേർതിരിച്ച് മനസ്സിലാക്കാൻ കഴിയുന്നവിധം ആയിരിക്കണം ഡിസ്ക്ലെയിമർ നാം നൽകേണ്ടത്. യഥാർത്ഥ കസ്റ്റമറുടെ അനുഭവത്തെ പങ്കുവെക്കുന്നതും സങ്കല്പ കഥയിലൂടെ ഉല്പന്നത്തിന്റെ ഗുണം പറയുന്നതും പരസ്പരം തിരിച്ചറിയാൻ കഴിയാത്ത വിധം അവ്യക്തത ഉണ്ടാക്കുന്ന രീതി ഇന്ന് നിലവിൽ മാർക്കറ്റിൽ ഉണ്ട്, എന്നാൽ ഇത് എത്തിക്കൽ ബ്രാൻഡിങ് എന്ന കൺസെപ്റ്റിനെതിരാണ്.

ഇസ്ലാമിക ശരീഅത്ത് അനുസരിച്ചുകൊണ്ടുള്ള മാനദണ്ഡങ്ങൾ എന്തെല്ലാം..?

 

1. സത്യസന്ധതയും സത്യസന്ധതയും: ഖുർആൻ (സൂറ അൽബഖറ, 2:283):
وَلَا تَكْتُمُوا الشَّهَادَةَ ۚ وَمَنْ يَكْتُمْهَا فَإِنَّهُ آثِمٌ قَلْبُهُ ۗ وَاللَّهُ بِمَا تَعْمَلُونَ عَلِيمٌ
‘സാക്ഷ്യം മറച്ചുവെക്കരുത്, തീർച്ചയായും സാക്ഷ്യം മറച്ചുവെക്കുന്നവന്റെ ഹൃദയം പാപപങ്കിലമാണ്, നിങ്ങൾ ചെയ്യുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനാകുന്നു.’

2. ഹദീസ് (തിർമിദി, ഹദീസ് 1209):
إِنَّ الصَّادِقَ التَّاجِرَ مَعَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ
‘സത്യവാനായ കച്ചവടക്കാരൻ അന്ത്യ നാളിൽ പ്രവാചകൻമാർ, സത്യവാൻമാർ, രക്തസാക്ഷികൾ എന്നിവരോടൊപ്പമായിരിക്കും.’

3. ന്യായമായ വ്യാപാരവും നീതിയും: ഖുർആൻ (സൂറ ഹുദ്, 11:85):
وَأَوْفُوا الْكَيْلَ وَالْمِيزَانَ بِالْقِسْطِ وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ
‘നീതിയിൽ പൂർണ്ണ അളവും തൂക്കവും നൽകുക, ജനങ്ങൾക്ക് അവരുടെ അവകാശം നഷ്ടപ്പെടുത്തരുത്, ഭൂമിയിൽ അക്രമവും അഴിമതിയും വ്യാപിപ്പിക്കരുത്.’

4. അധാർമ്മികതയും ചൂഷണവും ഒഴിവാക്കൽ: ഖുർആൻ (സൂറ അൽഅൻആം, 6:151):
وَلَا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ
‘അധാർമ്മികതയെ സമീപിക്കരുത് അവയിൽ പ്രത്യക്ഷമായതും മറച്ചുവെക്കപ്പെട്ടതും.’

5. ഹദീസ് (സഹീഹ് മുസ്ലിം, ഹദീസ് 102):
مَنْ غَشَّنَا فَلَيْسَ مِنَّا
‘വഞ്ചിക്കുന്നവൻ നമ്മിൽ പെട്ടവനല്ല.’

6. പരസ്യത്തിൽ സുതാര്യത: ഖുർആൻ (സൂറ അൽബഖറ, 2:42):
وَلَا تَلْبِسُوا الْحَقَّ بِالْبَاطِلِ وَتَكْتُمُوا الْحَقَّ وَأَنْتُمْ تَعْلَمُونَ
‘നിങ്ങൾ അറിഞ്ഞുകൊണ്ട് സത്യം അസത്യത്തിൽ കലർത്തുകയോ സത്യം മറച്ചുവെക്കുകയോ ചെയ്യരുത്.’

7. സ്ത്രീകളുടെ മാന്യമായ പ്രാതിനിധ്യം: ഖുർആൻ (സൂറ അന്നൂർ, 24:31):
وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا
‘സത്യവിശ്വാസികളായ സ്ത്രീകളോട് അവരുടെ ദൃഷ്ടി താഴ്ത്താനും അവരുടെ സ്വകാര്യഭാഗങ്ങൾ കാത്തുസൂക്ഷിക്കാനും പറയുക.’

കച്ചവടത്തിന്റെ നീതിയും ന്യായവും നിർണ്ണയിക്കുന്ന അതിർവരമ്പുകൾ വളരെ വിശാലമായി പ്രതിഭാതിച്ചിട്ടുള്ള മതമാണ് ഇസ്ലാം. എന്നാൽ അത്തരം സൂക്ഷമതകൾ എല്ലാം പാലിച്ച കച്ചവടങ്ങളുടെ പരസ്യങ്ങൾ മാത്രമാണ് ഇൗ പരിധിയിൽ കൊണ്ടുവരേണ്ടതുള്ളൂ എന്നതിനാൽ വിശാലമായ ആ ചർച്ച നമുക്ക് ഇവിടെ പറയാതിരിക്കാം.., പക്ഷെ പൊതുവിൽ ഒരു പരസ്യത്തിന്റെ സ്വഭാവവും ശൈലിയും എത്തിക്കൽ ബ്രാൻഡിങ് എന്ന ശീർഷകത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ ആവശ്യമായ ഒരു പൊതു മാനദണ്ഡം ഇവിടെ വിവരിച്ചു എന്ന് മാത്രം.