ആദ്യ പ്രാവാസ കാലയളവിൽ പ്രവാസികൾ എന്ന ഒരു സമൂഹത്തിന്റെ വേദനയും നൊമ്പരങ്ങളും നേരിട്ടറിയാൻ സാധിച്ചു എന്നത് ഏതൊരു പ്രവാസിക്കും പറയാവുന്നപോലെ തന്നെയായിരിക്കും എനിക്കും പറയാൻ കഴിയുക..! എന്നാൽ ഇന്നത്തെ പോലെ വിദ്യാഭ്യാസത്തിന്റെയും പഠിച്ച് നേടിയ സർട്ടിഫിക്കറ്റുകളുടെയും ബലത്തിൽ MNC കമ്പനികളിലെ വേക്കൻസിയിലേക്ക് ജോലിയിൽ കേറുന്നവരല്ലാത്ത ഒരു സമൂഹത്തെ അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട് എന്നതാവും ഒരുപക്ഷെ ഒരു വെത്യാസം..! അദ്ധ്വാനിക്കാനുള്ള മനസ്സ് മാത്രം മതിയായിരുന്നു ഒരു പ്രവാസ തൊഴിലവസരങ്ങൾ പതിയെ മാറുന്നതും ആ മാറുന്ന തൊഴിലവസരങ്ങളിലെക്ക് സ്വന്തം പിന്തലമാരക്കാരെ പ്രാപ്തരാക്കുന്ന നരബാധിച്ച്‌ തുടങ്ങിയ പ്രവാസികളെ അടുത്തറിയാൻ കഴിയുക.., അന്നത്തെ പല ഇടുങ്ങിയ ഡബിൾ ഡക്ക് കട്ടിലിന്റെ താഴെയും ഇന്റർവ്യൂവിന് വന്ന മക്കളെയും പ്രതീക്ഷയോടെ അവരെ പറഞ്ഞയക്കുന്ന പിതാക്കളെയും കാണാമായിരുന്നു..!

സ്റ്റോക്ക് മാർക്കറ്റുകളിൽ ഉയർന്നു താഴുന്ന സൂചികകളുടെ ചലനങ്ങൾ അവർ അറിയുകയോ സാമ്പത്തിക അച്ചടക്കത്തിന്റെ റീലുകൾ ഷെയർച്ചയ്ത് കാണുകയോ ചെയ്യാത്ത അവർക്ക് സ്വന്തം നാട്ടിൽ അത്തറിന്റെ സുഗന്ധം നൽകുന്ന. അതിഥിയുടെ പരിവേഷവും വരുമാനം നോക്കാതെ കയ്യയഞ്ഞ് സഹായിക്കാനുള്ള ഹൃദയവും മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്..! മൂന്ന് ദിവസമായിട്ടും പോകാത്ത വിരുന്നുകാരോട് അഥിതി പാലിക്കേണ്ട മര്യാദയുടെ ക്ലാസെടുക്കുന്ന പരുവത്തിൽ പെരുമാറുന്ന കുടുംബങ്ങളെ നാട്ടിലും വീട്ടിലും വരെ കാണാമായിരുന്നു..! എല്ലാം ആത്മാഭിമാനത്തിന്റെ നിറപുഞ്ചിരിയിൽ ഒതുക്കി അവർ വിമാനച്ചിറകേറി വീണ്ടും ഡബിൾഡക്കിലെ കമ്പിളിക്കുള്ളിലേക്ക് ഓടിയെത്തുന്നത് കാണാമായിരുന്നു..! പരിഭവങ്ങൾ മറ്റുള്ളവർ കൂടി ആ ദുരിതങ്ങൾ അനുഭവിക്കാതിരിക്കാനുള്ള ഉപദേശങ്ങളായി മുന്നറിയിപ്പുകളായി സ്വന്തം അനുഭവങ്ങളല്ലാത്ത പോലെ കഥപറയുന്ന ആ സമൂഹത്തിന്റെ കൂടെ കഴിയാനായി എന്നതാണ് എനിക്ക് പ്രവാസം നൽകിയ ഏറ്റവും വലിയ സമ്മാനം..! ഇടക്കാലങ്ങളിൽ നാട്ടിൽ വന്നുപോയ ഇടവേളകളിൽ ഡിഗ്രികളും സർട്ടിഫിക്കറ്റുകളും തുന്നിക്കൂട്ടാൻ എന്നെ പ്രേരിപ്പിച്ചതും ഒരുപക്ഷെ ഈ അനുഭവം പകർന്ന ചൂടായിരിക്കും..!

ഒരു പ്രശ്നം കാണുമ്പോഴാണ് അതിന്റെ പരിഹാരങ്ങളെ കുറിച്ച് നാം ചിന്തിക്കുന്നത്. ഓരോ പദ്ധതികളും ഓരോ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ ആയിരിക്കും എന്നും പറയാം..! അദ്ധ്വാനിക്കാനുള്ള മനസ്സുമായി അക്കാലത്ത് വിമാനം കേറിയ ചെറുപ്പക്കാർക്ക് ഓരോ റൂമുകളിലും ഉണ്ടായിരുന്ന കാരണവന്മാർ നൽകുന്ന മികച്ച പാഠങ്ങൾ ഇങ്ങനെയാണ്.., നന്നായി അദ്ധ്വാനിക്കുക.., സ്വന്തമായി ഒരു കൈത്തൊഴിൽ നന്നായി പരിശീലിക്കുക.., മിച്ചം വെച്ച് നാട്ടിൽ ഒരു കൈത്തൊഴിൽ സ്വന്തമായി തുടങ്ങുക..! നാട്ടിലെ ഹോട്ടലുകളിൽ മിക്കതിന്റെയും പിറകിൽ ഗൾഫിലെ ഒരു കഫ്തീരിയക്കാരനെയോ ഹോട്ടൽ ജോലിക്കാരനെയോ കാണാമായിരുന്നു..! എന്നത്തേയും മികച്ച ഇൻസ്പിരേഷണൽ മെസ്സേജുകൾ അനുഭവത്തിന്റെ പത്തരമാറ്റ് തിളക്കമുള്ള സത്യസന്ധതയുള്ള റീലുകൾക്ക് നാം കാതോർക്കുകയാണെങ്കിൽ അത്തരം ഒരു പ്രവാസിയുടെ അനുഭവങ്ങൾ ആയിരിക്കുമെന്നത് ഒരു യാഥാർഥ്യമായിരിക്കും..!

സ്വന്തമായി നാട്ടിൽ തുടങ്ങുന്ന പ്രൊജക്റ്റിന് പണം തികയാതെ വന്ന പലരും തിരിച്ച് വിമാനം കേറുന്നതും നാട്ടിലെ ബിസിനസ്സ് സാഹചര്യങ്ങളെ നേരിടാനാവാതെ പതറിയവരെയും കാണാമായിരുന്നു..! അപ്പോഴാണ് ഒരു പദ്ധതി മനസ്സിൽ രൂപപ്പെടുന്നത്..! നാട്ടിലോ വിദേശത്തോ ആവട്ടെ ജോലിചെയ്യുമ്പോൾ കിട്ടുന്ന വരുമാനത്തിൽ ഒരു നിശ്ചിത ഭാഗം വരുമാനം മാറ്റിവെക്കുകയും സ്വന്തമായി ഒരു പരിപാടിക്ക് വേണ്ടി സ്വരുക്കൂട്ടുകയും ചെയ്യുന്ന ഒരുകൂട്ടരേയും സ്വന്തമായി ഒരു കൈത്തൊഴിൽ പദ്ധതിയുമായി പ്രോജക്റ്റ് ആരംഭിക്കുന്ന സംരംഭകനെയും പരസ്പരം കണക്റ്റ് ചെയ്യുക..! ഇരുകൂട്ടരും ഒരുമിച്ച് പദ്ധതികൾ നടപ്പിലാക്കുക..! എന്ത് മനോഹരമായ സ്വപ്നം..! പക്ഷെ ഇല്ലായ്മയിൽ ഒപ്പം കൂടെനിന്ന വിയർപ്പിന്റെ തുള്ളികൾകൊണ്ട് നാട്ടുനനച്ച പദ്ധതികൾ പലതും ഫലം കായ്ക്കുമ്പോൾ വേലികെട്ടുന്നതും കുറ്റപ്പെടുത്തുന്നതു ഒറ്റപ്പെടുത്തുന്നതും കണ്ടു..! അങ്ങനെ മാത്രമല്ല തിരിച്ച് അദ്ധ്വാനിക്കുന്നവന്റെ അശ്രാന്ത പരിശ്രമത്തിനും പദ്ധതിയുടെ ആരംഭ പ്രാബ്ദങ്ങളിൽ വിചാരണയുടെ വക്കീലായും ചതിയുടെ വിതപറഞ്ഞ ജഡ്ജിമാരായും ഒരുമയുടെ നന്മ നുണയാനാകാതെ പോയ പദ്ധതികളും കണ്ടു..!

എല്ലാം വ്യക്തിഗതങ്ങളായ സ്വാഭാവിക പ്രതിഭാസങ്ങളാണ്.., നമുക്ക് മുന്നിൽ നിൽക്കുന്ന മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങളെക്കാൾ നമുക്ക് അറിയുന്നത് നമ്മുടെ മാത്രം പ്രശ്നങ്ങളാവുക എന്നത് സ്വാഭാവികമാണെന്നാണ് പറഞ്ഞത്. പലതും ചതിയും വഞ്ചനയുമൊക്കെ തന്നെയാണെങ്കില്പോലും അതിനൊരുങ്ങിയ സാഹചര്യങ്ങൾ ഈ സ്വാഭാവികതയോടെ ന്യായീകരണത്തിന് പാകപ്പെട്ടതായിരിക്കും..! പരസ്പരം കൈകോർക്കുമ്പോൾ സുതാര്യമായ പദ്ധതിയാവുക, ഇടയ്ക്കിടെ ഒരുമിച്ച് കൂടാനാവുക, അറിഞ്ഞതിനെ തിരഞ്ഞെടുക്കാനാവുക തുടങ്ങി പരസ്പരം കാണാൻ കഴിയുന്ന ഒരു വിർച്വൽ ടേബിൾ സ്ഥാപിക്കുക എന്നതാണ് അതിനെല്ലാം പരിഹാരമായി തോന്നിയത്..!